Monday, November 8, 2010

ചിറക്

കേട്ടില്ലയോ കിഞ്ചന  വര്‍ത്തമാനം !
പത്രങ്ങള്‍  ഉദ്ഘോഷിച്ചത്  ,
റേഡിയോയില്‍ തുടരെ തുടരെ
വായിക്കപ്പെട്ടത്‌ .
ടെലിവിഷനില്‍  നിമിഷംതോറും
മിന്നിമാഞ്ഞത് .
"ഞങ്ങള്‍ക്ക് ചിറക് മുളക്കുന്നു "
കൈകളില്‍ കിളിര്‍ക്കുന്ന
നനുത്ത തൂവല്‍ ചിറകുകള്‍ .
കണ്ണടച്ച് സ്മരിച്ചാല്‍
തനിയെ വിടര്‍ന്നു വരുന്നവ !

ഇനി ,
ഭയചകിത മിഴികളോടെ
തെരുവില്‍ അലയേണ്ട ,
വിരസമായ അടുക്കള പിന്പുറത്ത്‌
വിഴുപ്പലക്കേണ്ട ,
ആഹാരത്തില്‍ വീണുപോയ
മുടിയിഴയുടെ പഴിചുമക്കേണ്ട ,
തിരക്കേറിയ ബസുകളില്‍
തോള്‍സഞ്ചി കവചവും ,
മൊട്ടുസൂചി ആയുധവുമാക്കേണ്ട ,
ഓഫീസുകളിലും പണിസ്ഥലങ്ങളിലും  
കാമകണ്ണുകള്‍ക്ക്‌ വഴിപ്പെടേണ്ട ,
സാരിത്തലപ്പിലും ദുപ്പട്ടക്കുള്ളിലും
പറുദക്കുള്ളിലും മുഖംമറച്ച്‌ കരയേണ്ട ....
വിശാല നീലവിഹായസ്സില്‍
എല്ലാം മറന്നു വിരാജിക്കം !
കുനുകുനെ വിരിയുന്ന
തൂവല്‍ ചിറകുകള്‍ വന്നോട്ടെ !
......................................
ഇന്ന് ആ സുദിനം ,
മട്ടുപ്പവിലെ എന്റെ കാത്തിരിപ്പ്‌
ആകാശ നീലിമയില്‍
പറന്നുല്ലസ്സിക്കുന്ന എന്റെ കൂട്ടര്‍ക്കായി ..
വെറും ശൂന്യമായ ആകാശം....
മനസ്സില്‍ സ്മരിച്ചാല്‍
ഉടന്‍ ചിറക് വിരിക്കാം എന്നറിഞ്ഞിട്ടും !!!

കാരണം ,
എനിക്കറിയാം ,
ബന്ധനം ശരീരത്തിലല്ലല്ലോ
മനസ്സിലല്ലേ !!!!!