Wednesday, July 21, 2010

തേരട്ട

മകളേ,
കര്‍ക്കിടക മഴ കടുത്തുതുടങ്ങി. 
അടുക്കളമേല്‍ക്കൂര ചോരാതിരിക്കാന്‍,
കെട്ടിയ ചാക്കുകഷണത്തിനു
 തീരെ ബലംപോരാ.
മുമ്പൊക്കെ ,
ഇതുപോലെ മഴപെയ്യുമ്പോള്‍
ചൂടുകാപ്പിയിട്ടുകുടിച്ച്
ഒന്നായിരുന്നു മഴകണ്ടത്
ഓര്‍മ്മവരുന്നു .
ഇന്നലെ ,
പത്തായപ്പുര വൃത്തിയാക്കെ,
കട്ടിലിന്നടിയില്‍
നിന്റെ പഴയ പാവക്കുട്ടി !
കണ്ണുകളും, തലമുടിയുമില്ലാതെ
വികൃതയായി....
നീയും ,നിന്റെ അനുജത്തിയും,
കണ്ണെഴുതി ,പൊട്ടുവച്ച്
അവളെ
സുന്ദരിയാക്കിയികൊണ്ടുനടന്നത്  ,
കണ്മുന്നില്‍ തെളിയുന്നു !

നിന്റെയച്ചന്‍  ചന്തക്കുപോയി ,
ഒപ്പം,
കറുമ്പിപ്പയ്യും, രണ്ടു കന്നുകളും.

അവയേവിറ്റു പൊന്നുവാങ്ങണം ,
നിന്റ്റനുജത്തിക്കൊരു   ചെക്കന്‍വരുന്നുണ്ട് !
 വല്യ പണക്കാരന്‍ ,
മണല് വാരുന്ന പണി! 
ഉറക്കത്തില്‍ സംസാരിക്കാറുണ്ടെങ്കിലും ,
വലിയകുട്ടിയായി  അവള്‍  !

 പിന്നെ ,
മച്ചില്‍നിന്നും   തേരട്ടകള്‍ വീഴുന്നത് ,
നിന്റെ അശുദ്ധി കൊണ്ടാണെന്ന് ,
അമ്മായി പറയുന്നതിനും ,
മദ്യപിച്ചെത്തുന്ന  മരുമകന്‍
മുടിക്കെട്ടു കടന്നുപിടിച്ചു ,
ചുവരോടുചേര്‍ത്ത് ഇടിക്കുന്നതിനും ,
പരിഹാരം തീര്‍ക്കാന്‍ ...
പൊന്നുവാങ്ങി ,മിച്ചമുള്ള പണവുമായി
അച്ഛന്‍ അടുത്താഴ്ച
അങ്ങോട്ട്‌ വരും ..
ഇതൊക്കെ ഒഴിച്ച്,
ഇവിടെ എല്ലാവര്‍ക്കും സുഖം !
അവിടെ നിനക്കും സുഖമല്ലേ ?
     

Tuesday, July 20, 2010

കവയിത്രി

എന്റെ  നാട്ടിലുണ്ടൊരു  കവയിത്രി ! .
മറ്റുള്ളവര്‍ ,
തീ പാറുന്നതും ,അരിവാള്‍ മൂര്‍ച്ചയുള്ളതുമായ
കവിതകള്‍  എഴുതിയിരുന്ന  നാളുകളില്‍ ,
പൂവിതളിന്റെ മാര്‍ദവവും ,തെന്നലിന്റെ നിശ്വാസവും
വാക്കുകളാക്കി കവിതയെഴുതിയവള്‍.

സസ്യജാല്ങ്ങളും  ,ആവാസവ്യവസ്ഥയും
അണിനിരന്നോരാ കവിതകളില്‍ ,
ഹരിതകഗന്ധവും  വനശീതളതയും
അനുഭവിക്കാം!
അതിമൂകമായ  വന്യതയും,ശ്വാസതാളങ്ങളും
സസ്യാത്മാവുകളുടെ സ്വാത്വികതയും കണ്ട്
വിസ്മയിക്കാം !

വെറുതെ ആസ്വദിക്കാനുള്ളതല്ലേ കവിത!
ഞങ്ങള്‍ ,കവിത വായിച്ചാനന്ദിച്ചൂ ,
ഒപ്പം ,കാടുകള്‍ വെട്ടിനിരത്തി ...

സസ്യവര്‍ഗങ്ങളുടെ പ്രാണവേദനകണ്ട്
വേവലാതിപൂണ്ടും ,
വരാനിക്കുന്ന ദുരന്തങ്ങളില്‍
മനംനോന്തും,
കവയിത്രി വിലപിച്ചു .

കടില്ലെങ്കില്‍ മഴ്യില്ലെന്നു പറഞ്ഞപ്പോള്‍ ,
കടലില്‍ പെയ്വത്  മഴയല്ലേന്നു മറുത്തു .
അഹങ്കാരചുവടുവച്ചു
കാടായകാടെല്ലാം  ഞങ്ങള്‍ വെട്ടിനിരത്തി....

പള്ളിക്കുടങ്ങളേക്കാള്‍ നാലിരട്ടി ദേവാലയങ്ങള്‍
പണിയുകയും  ,
സായിപ്പു വര്‍ജിച്ച   മാരകരാസവസ്തുക്കളാല്‍
വിളവുകൂട്ടുകയും ,
ആഗോളവത്കരണം, ലോകച്ചന്ത 
എന്നൊക്കെ വിളിച്ചുകൂകി ,
സര്‍വതും വിറ്റഴിക്കുകയും,
ചെയ്യുന്ന നാട്ടില്‍
പ്രകൃതിക്കും,ജീവരാശിക്കും എന്തുവില ?
  
കേഴുന്ന കവയിത്രിയെ ഞങ്ങള്‍
കണ്ടെന്നു നടിച്ചില്ല..
നിഷ്കാസിതയാക്കുക   എന്നതിനേക്കാള്‍
കടുപ്പമുള്ളതത്രേ അവഗണിക്കുക   എന്നത് !
തന്റെ മലര്‍വനികയിലേക്ക് മണ്ടങ്ങിയ  
കവയിത്രി ,
പ്രിയസസ്യങ്ങളോട് സങ്കടങ്ങള്‍ പറഞ്ഞു
കാലം കഴിക്കുന്നു .
പവിഴമല്ലിയും, കാട്ടുചെമ്പകവുമൊക്കെ 
അവര്‍ക്ക് സ്വന്തനമേകാറുണ്ട് .

ഞങ്ങള്‍ വരുംതലമുറയ്ക്ക് 
ഒരുക്കുന്നവ ..
വരണ്ട നിലങ്ങളും  ,പ്രാണവായുവറ്റ
ദിനങ്ങളും ..
കാത്തിരിക്കുക !

      

Saturday, July 17, 2010

കവര്‍ച്ച

ഊതനിറകുപ്പയക്കാരി പെണ്‍കുഞ്ഞ്,
കൊഴിഞ്ഞ   പാല്‍പല്ല്
നടുമുറ്റത്ത്‌ കുഴിച്ചിടുന്ന ,
പുലര്‍കാല സ്വപ്നത്തിനു ഭംഗം വരുത്തി
വിളിച്ചുണര്‍ത്തിയത്    അമ്മ .......
എനിക്കൊരതിഥി  ഉണ്ടത്രേ !
ഉറക്കച്ചടവിന്‍  വിമുഖതയോടെ ,
പുറത്തുവന്നപ്പോള്‍ ....
അവള്‍ ...
നീണ്ടനാള്‍   ഉറക്കമറ്റു ,
നരച്ച കണ്‍കളും  ,
കരുവാളിച്ച്‌ സഞ്ചികെട്ടിയ
കണ്‍തടങ്ങ ളും ,
ജഡപിടിച്ചു ചുവന്ന മുടിയുമുള്ളവള്‍   ......
ഇടനെഞ്ച്   വിങ്ങുമാറ് കെഞ്ചുന്നു .
"എനിക്കെന്റെ സ്വപ്നം തിരികെവേണം "
അവളുടെ സ്വപ്നത്തിലെ കുഞ്ഞിനും ,
ഊതനിറ കുപ്പായം ,
കൊഴിയാനിരിക്കുന്ന  പാല്‍പല്ല് .

ഞാനെന്തു ചെയ്യാന്‍,
ആ സ്വപനം അവള്‍ക്കു കൊടുത്തു .

അടുത്തനാള്‍ ,
പുലകാല നിദ്രക്കു ഭംഗം വരുത്തിയത് ,
ഒരു സ്കൂള്‍കുട്ടി ..
എന്റെ സ്വപ്നം കവര്‍ന്നത് ,
അവന്റെ വര്‍ണ്ണബലൂണുകളും ,ചായപ്പെട്ടിയുമത്രേ ....
അവനും സ്വപ്നവുമായി മടങ്ങി....
പിന്നെ ,
വൃദ്ധയാചകന്റെ   പൊന്‍നാണയങ്ങള്‍ ,
അയല്‍ക്കാരി വീട്ടമ്മ യ്ക്ക്  
കാമുകന്‍ സമ്മാനിക്കാന്‍ പോകുന്ന കാശിമാല ,
ജാലകത്തിലൂടെ  ആകാശത്തേക്ക്
മിഴിനീട്ടി നില്‍ക്കാറുള്ള ചെറുപ്പക്കാരന്റെ കവിത ,
തെരുവ് സര്‍ക്കസ്സുകാരിയുടെ
മഷികൂടും,വളകളും,
ചീരക്കാരിയുടെ   തിമിരകണ്ണട....... 
തിരച്ചു കൊടുത്ത സ്വപ്നങ്ങളുടെ  നീളുന്ന പട്ടിക .

ഇന്നേന്റെ പക്കല്‍   സ്വപ്നങ്ങളില്ല!
നിദ്രയറ്റുകണ്ണുകള്‍  നരക്കുന്നു ,
കണ്‍തടങ്ങള്‍ക്ക്  കരിനിറം .

ഏറെവൈകാതെ ഞാനെത്തും
നിന്‍ പടിവാതിലില്‍ ,
വിളിച്ചുണര്‍ത്താന്‍!
കവര്‍ന്നോരെന്‍ സ്വപ്നം
വീണ്ടെടുക്കാന്‍ !


Wednesday, July 14, 2010

ഹേമന്ദ മഴ !

വ്യാകുലവും  ഏകാന്തവുമായ  ഈ  ഹേമന്ദ മഴയില്‍ 

ഒരിക്കല്‍ ,
നമ്മള്‍ പങ്കുവച്ചിരുന്ന കുടചൂടി,
അന്ന് സഞ്ചരിച്ചിരുന്ന പാതയിലൂടെ
ഞാന്‍ നടക്കുന്നു .

മലമടക്കുകളെ  മഞ്ഞിന്‍ശകലങ്ങള്‍
ഭൂതാവേശത്തോടെ  പൊതിയുംപോള്‍  ,
വിറപൂണ്ടു നില്‍ക്കുന്ന
നരച്ച യൂകാലിപ്ടസ് കാടുകളും ,
മഴക്കോട്ട്   ചൂടിയ മുഖമില്ലാകുരുന്നുകള്‍
കളിക്കുന്ന പള്ളിക്കൂടവും ,
മഞ്ഞതലപ്പാവുള്ള ഈറക്കാടുകളും  താണ്ടി ,
ഞാന്‍ നടക്കുന്നു .

 ദൂരെ ,
നാം ചൂട്കാപ്പി നുണഞ്ഞിരുന്ന,
തടികൊണ്ടുതീര്‍ത്തതും ചില്ല്ജാലകമുള്ളതുമായ 'കഫെ ',
അനാഥമായി  ചിതലരിച്ചു നില്‍ക്കുന്നു .

അതിനുമപ്പുറം ,
ജലാശയം...
പായല്‍പച്ചയില്‍ ചലനമറ്റ്.

വര്‍ഷങ്ങള്‍ക്കു  ശേഷം സ്പര്‍ശനസുഖമറിയുന്ന ,
വൃദ്ധമനസ്സോടെ    ജലകരങ്ങള്‍
എന്റെ പാവാടതുമ്പിനെ നനയിക്കുമ്പോള്‍ .....
ശീതകാറ്റില്‍ എങ്ങോ, നിന്റെ    പാട്ട്
മര്‍മരമായി   നിറയുമ്പോള്‍ .....
എന്റെ സിരകളെ,ഓര്‍മ്മകള്‍
വരിഞ്ഞു മുറുക്കുമ്പോള്‍ ......

ഞാനറിയുന്നു ....
ഹേമന്ദ മഴ വ്യാകുലവും ഏകാന്തവുമെന്ന്‌    !.

Friday, July 2, 2010

പ്രതീക്ഷ

അര്‍ദ്ധഗോളത്തിന്റെ     അപ്പുറത്തെങ്ങോ 
യുദ്ധഭൂമിയില്‍ ,      പിഞ്ചു കുഞ്ഞിന്റെ
കബന്ധം മടിയിലേന്തിയ
അമ്മയുടെ മുറവിളി ....
സ്കൂള്‍ തുറപ്പിന്റെ അന്ന് ,
പുത്തന്‍ സ്ലേറ്റും പുസ്തകങ്ങളും ,
വാങ്ങി കാട്ടിലെറിഞ്ഞിട്ട്‌    ...
നാലുവയസുകാരിയെ
പിച്ചിചീന്തിതിന്ന മൃഗത്തിന്റെ
ചുണ്ടിലെ  ഗൂഡസ്മിതം....
വീണ്ടും   ഇന്ദ്രപ്രറ്സ്ഥത്തില്‍
വഞ്ചനക്കിരയായി  ആത്മഹത്യചെയ്ത
യുവസുന്ദരി ...

നീളുന്ന  പാതിരാവാര്‍ത്തകളില്‍
വേവലാതിപൂണ്ട്,
നിദ്രപുല്കാത്ത ഒരു രാത്രി കൂടി ...

വെളുപ്പാന്‍ കാലത്തിന്റെ
അവസാന യാമത്തിലെങ്ങോ  തഴുകിയ
ഉറക്കത്തിനു  ഭംഗം വരുത്തിയത് ,
 കാളിംഗ് ബെല്‍ ..

ഭയത്തോടെ,പരിഭ്രമതോടെ
വാതില്‍  തുറക്കെ ....
ചിരിച്ച മുഖത്തോടെ  ഒരു പെണ്‍കുട്ടി ..
അവളുടെ കയ്യില്‍ പാല്‍കുപ്പി  ...
മുറ്റത്ത്‌, അവള്‍ ഉന്തി കൊണ്ടുവന്ന
മൂന്നു ചക്ര വാഹനത്തില്‍
ഇരു കാലുകളും ഇല്ലാത്ത
അവളുടെ  അച്ഛന്‍....
അവളുടെ വിടര്‍ന്ന കണ്ണുകള്‍ ...
അവളുടെ പാല്‍ പുഞ്ചിരിയിലെ ആത്മവിശ്വാസം  ...


ദൂരെ സൂര്യന്റെ ആദ്യ നാളം...

മറ്റൊരു പുതു ദിനം പിറക്കുമ്പോള്‍ ...
പ്രതീക്ഷയോടെ  !!!!