Thursday, August 12, 2010

'ഴ' അവള്‍ക്കു വഴങ്ങില്ലെന്നു
കണ്ടെത്തിയത് രാഘവന്‍ മാഷ് !
'പഴ'മെന്നു മാഷ്‌ ,
'പസ'  മെന്നവള്‍.
ഒന്നാം ക്ളാസിലെ
അറുപതു കുട്ടിച്ചിരി. 
ഒപ്പം മാഷിന്റെ
കൂകിച്ചിരി! .

നിറമിഴിയോടെ അവള്‍
 പറഞ്ഞു 'ഴ'.
നാവു ചതിച്ചു ,
ആയിരം വട്ടം 'സ '.
വീട്ടില്‍ എത്തിയപ്പോള്‍
അമ്മേം അച്ഛനും ,
തലതല്ലിച്ചിരി!
പിന്നീടവള്
'ഴ' ഒഴിവാക്കി!
എങ്കിലും,
'വസിയും'   ,'പുസുവും '
'മസയും',
'ചങ്ങംപുസയും '
അവളെ കുഴയ്ക്കാന്‍ വന്നു    !
'ഴ' ശല്യം അധികരിച്ചപ്പോള്‍
അവള്‍ പഠിപ്പുനിര്‍ത്തി ,
പത്തില് .

സുന്ദരിയായത്  കൊണ്ട്
അവളെ കെട്ടാന്‍
ആളുകള്‍
വരിനിന്നു .
സുന്ദരമായി  ചിരിച്ച   
ഒരാളെ  അവള്‍ 
വരിക്കാനുറച്ചു ...
ആദ്യ രാത്ര്രിയില്‍
തൂവെള്ള കിടക്കയില്‍
ഒരു നീളന്‍
പഴുതാര !  
അവള്‍ വിളിച്ചുകൂകി
'പസുതാര '...
അവളുടെ കെട്ടിയോന്‍
ചിരിച്ചു മണ്ണുകപ്പി .
വെണ്ണക്കല്‍  ദേഹത്ത്
നീല വിഷം പടര്‍ന്നിട്ടും ,
കാഴ്ച മങ്ങി വീണപ്പഴും
ചിരിയോ ചിരി ....
ഉണര്‍ന്നപ്പോള്‍  ഉള്ളില്‍                       
ശപധമെടുത്തു  .
ഇനി ' ഴ'  ഇല്ല .....
പക്ഷെ ,
' ഴ'  യില്‍  നിന്നവള്‍ക്ക്
മോചനമില്ല !

പഴമനസ്സുകാരി ,
പഴം വിഴുങ്ങി ,
കുഴപ്പം  പിടിച്ചവള്‍  ,
വഴിപിഴച്ചവള്‍ ,
അഴകൊഴാഞ്ചി ,
കഴുവേറിച്ചി.....
ഇന്ന്,
'ഴ'  യുടെ  പെരുമഴയില്‍ 
അവളുടെ ശബ്ദംതന്നെ
ഇല്ലാതാകുന്നു   !

Thursday, August 5, 2010

തിരശ്ചീനം

മരണഗന്ധം ചൂഴ്ന്നു നില്‍ക്കുന്ന്നൊരു  വീട്ടില്‍,
വര്‍ഷങ്ങള്‍ക്കിപ്പുറം   നാം കണ്ടുമുട്ടി !

വല്ലപ്പോഴും ഉതിര്‍ന്നിരുന്ന ,
തേങ്ങലുകളും ,   നിശ്വാസങ്ങളും
അന്തരീക്ഷത്തെ ഘനീഭവിപ്പിച്ചപ്പോള്‍ ,
മണ്ണില്‍ അടക്കം ചെയ്യപ്പെട്ട  ഒരു ജീവിതം,
അവിടെ കൂടിനിന്നിരുന്നവരുടെ
സത്വങ്ങളെ പ്രകംബിപ്പിച്ചു  ..
അടുക്കളപുക അവ്യക്തചിത്രങ്ങള്‍ വരച്ചിരുന്ന
ഒരു ചുമരിനരികെ,
മുഖാവരണങ്ങള്‍ അണിഞ്ഞിരുന്ന
സ്ത്രീകള്‍ക്കൊപ്പം ഞാന്‍ ഇരുന്നു .

അപ്പോഴാണ് ,
നീ വന്നത്  ...
തിരശ്ചീനമായോഴുകുന്ന നദിയുടെ
മുഴുവന്‍ സവ്മ്യതയും ആവാഹിച്ച
അതേ മിഴികളോടെ ......നീ വല്ലാതെ മെല്ലിച്ചിരുന്നു,
നരച്ച വസ്ത്രങ്ങളും ,നീളന്‍ താടിയും
നീ താണ്ടിയ ദൂരങ്ങള്‍ കാട്ടിത്തന്നു .
നിന്റെ പിഞ്ചികീറിയ  തോള്‍സഞ്ചിയില്‍,
നീ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രങ്ങളുടെ
പകര്‍പ്പുകള്‍ പഴകിക്കിടക്കുന്നുണ്ടാകം    !

ഓര്‍മ്മകള്‍ ദുരന്തങ്ങളാണെന്ന് 
എന്നെ പഠിപ്പിച്ചവന്‍  നീ !

എങ്കിലും,
ചിന്തകളില്‍ അഗ്നിപടര്‍ത്തിയ
നാളുകള്‍ക്കുമുന്‍പ് ,
തത്വശാസ്ത്രങ്ങള്‍  ആത്മാവില്‍ പിന്നിപിണച്ച
ദിനങ്ങള്‍ക്കും മുന്‍പ് ,
തൊണ്ടപൊട്ടിക്കരയാറുള്ള മുളങ്കാട്ടിനരികെ,
മേഘക്കുരുന്നുകള്‍  മുഖംനോക്കാറുള്ള
നദിക്കരയില്‍ ,
നമ്മള്‍ പങ്കുവച്ചതോക്കെയും
എന്നും ,
മധുരിക്കുന്നൊരു നീറ്റലായി 
എന്നില്‍ നിറയാറുണ്ട് ....

ഇന്നും ,
യാത്രാമൊഴി ഏതുമില്ലാതെ,
നീ പടികടന്നകന്നത്
അഴുക്കു പുരണ്ടൊരുജാലകം
എനിക്ക് കാട്ടിത്തരുന്നു!
ഒന്നറിയുക ,
മജ്ജയും മാംസവും
കുടലും ചണ്ടിപണ്ടങ്ങളുമല്ലാതെ ,
മനസ്സ്
എന്നോന്നുണ്ടീ മേനിയില്‍...