Friday, March 4, 2011

നാപ്കിന്‍

പിരിയാന്‍ ഗോവണി കയറുമ്പോള്‍ 
അടിവയറ്റില്‍   ചൂളിക്കുത്തല്‍.

മുന്പേ തുടങ്ങിയിരുന്നു ,
തലയില്‍ 
നൂറു വണ്ടിന്റെ മൂളക്കം .

ഹാന്‍ഡ്‌ ബാഗില്‍  ഒരു 'നാപ്കിന്‍'
അവശേഷിച്ചത് ഭാഗ്യം.

ലീവിന് കാരണം പറയാന്‍ ചളിച്ച്‌നില്‍ക്കെ ,
ബോസ്സിന്റെ  വളിച്ച ചിരി .

ടൌണ്‍ ബസ്സിലെ തിരക്കില്‍,
ദേഹത്തേക്ക് നൂണ് വരുന്ന 
നീരാളി കൈകള്‍ ...
മലം നിറഞ്ഞ കക്കൂസ് കാണുമ്പോലെ 
മനംപുരട്ടല്‍ ..

വീടിലെത്തി ,
അമ്മ മടിയില്‍ തലചായ്ച്ചു കരയണം .

ഫോണില്‍ ,
വിദേശത്തുനിന്നും എന്നെ, 
താലി  മുറുക്കാന്‍ വരുന്ന ,
എനിക്കറിയാത്ത ഏതോ ഒരുവന് 
വിലപേശുന്ന  അമ്മ .

പൊഴിച്ച കണ്ണീര്‍ 
വലിച്ചു കുടിച്ചു തലയിണ .
പിന്നെ എപ്പഴോ ,
കണ്ട സ്വപ്നത്തില്‍,
കറപുരണ്ട നാപ്കിനുകള്‍ നിറഞ്ഞ ഒരു മുറിയും ,
തുമ്പി തുള്ളലും ..